കൽപ്പറ്റ: 2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23 പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും 11 പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
381 പേരിൽ 150 പേർക്ക് മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 116 പേർക്ക് കല്പറ്റ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും 115 പേർക്ക് സുൽത്താൻ ബത്തേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമാണ് ജോലി ലഭിച്ചത്.
കഴിഞ്ഞ ഏപ്രിൽ 31 ന് അവസാനിച്ച 2024-25 വർഷത്തെ കണക്കുപ്രകാരം 65538 പേരാണ് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 42131 പേർ സ്ത്രീകളാണ്. രജിസ്റ്റർ ചെയ്തവരിൽ കൂടുതലും 10ാം ക്ലാസ്സ് യോഗ്യതയുള്ളവരാണ്-27435. ബിരുദാനന്ത ബിരുദമുള്ള 722 പേരും ബിരുദ യോഗ്യതയുള്ള 10702 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 5489 പട്ടികജാതി വിഭാഗക്കാരും 10099 പട്ടികവർഗ വിഭാഗക്കാരും 1905 ഭിന്നശേഷി വിഭാഗക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാങ്കേതിക കോഴ്സുകൾ പൂർത്തിയാക്കിയ 2966 പേരും രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച 2024-25 ലെ വാർഷിക എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അനുസരിച്ച് വയനാട് ജില്ലയിൽ ആകെ 47627 തൊഴിലുകൾ ആണുള്ളത്; പൊതുമേഖല-9368, സ്വകാര്യ മേഖല-38259. തൊഴിലുകൾ കഴിഞ്ഞ വർഷവുമായി (2023-24) താരതമ്യം ചെയ്യുമ്പോൾ 228 എണ്ണം കൂടുതലാണ്. അസംഘടിത മേഖലയിലുള്ള വയനാടൻ വിപണിയിലെ വലിയ വിഭാഗം തൊഴിലാളികൾ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.