മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരിടം കേരളമാണ്. കേരളത്തിൽ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്, ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. കേരള മീഡിയ അക്കാദമി മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

മറ്റെല്ലാ മേഖലകളെയും പോലെ, പത്രങ്ങളും ടെലിവിഷനുകളും ഉൾപ്പെടുന്ന മാധ്യമരംഗം ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡിന് ശേഷം ഈ പ്രശ്‌നം കൂടുതൽ രൂക്ഷമായി. പ്രിന്റ് മീഡിയയുടെ കോപ്പി വിൽപ്പന സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഗണ്യമായി കുറഞ്ഞു. പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വർദ്ധിപ്പിച്ചും കുടിശ്ശികകൾ കൃത്യമായി നൽകിയും മാധ്യമങ്ങളെ പരമാവധി സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷത്തെ ബജറ്റിൽ പരസ്യങ്ങൾക്കായി നീക്കിവെച്ച തുക പൂർണ്ണമായും ആദ്യ പാദത്തിൽ തന്നെ മാധ്യമങ്ങൾക്ക് നൽകിയിരുന്നു. മാധ്യമങ്ങൾ നിലനിന്നാൽ മാത്രമേ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാനാകൂ എന്നും, അവർ നന്നായി പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

 

മറ്റ് സംസ്ഥാനങ്ങളിൽ പത്രപ്രവർത്തകരെ തടഞ്ഞുവയ്ക്കുന്നതും കേസുകളിൽ പെടുത്തുന്നതും ജയിലിൽ അടയ്ക്കുന്നതും ഉണ്ടാകാറുണ്ട്. കാർട്ടൂൺ വരച്ചതിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാർട്ടൂൺ വരയ്ക്കുന്നതിന്റെയും വിമർശിക്കുന്നതിന്റെ പേരിൽ കേരളത്തിൽ ആർക്കും ജയിലിൽ പോകേണ്ടി വന്നിട്ടില്ല. എന്നാലും കേരളത്തിൽ കാർട്ടൂണുകളുടെ എണ്ണവും കാർട്ടൂൺ കോളങ്ങളും കുറയുന്നുണ്ട്. ഇത് മാധ്യമങ്ങൾ പരിശോധിക്കണം. വിശ്വസനീയമല്ലാത്ത ഏജൻസികളിലൂടെ വാർത്തകൾ വരുന്ന സാധ്യത അപകടമാണെന്നും വസ്തുതകൾ പുറത്തുവരാൻ വ്യവസ്ഥാപിതമായ മാധ്യമങ്ങളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

മാധ്യമപ്രവർത്തകർക്കായി വിവിധ പരിപാടികളും ഫെല്ലോഷിപ്പുകളും അവാർഡുകളും നടത്തുന്ന മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പുതിയ ആളുകളെ മാധ്യമരംഗത്തേക്ക് കൊണ്ടുവരുന്നതിനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പേപ്പറുകൾ തയ്യാറാക്കുന്നതിനും മീഡിയ അക്കാദമി നടത്തുന്ന അക്കാദമിക് പ്രവർത്തനങ്ങൾ പ്രധാനമാണ്. കൊച്ചി മെട്രോ വന്നപ്പോൾ നഷ്ടമായ എറണാകുളത്തെ മീഡിയ അക്കാദമിയുടെ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്നും അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് വിതരണവും അക്കാദമിയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, സെക്രട്ടറി അനിൽ ഭാസ്‌കർ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *