വാഷിങ്ടൺ: ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 25 ശതമാനം തീരുവയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തുന്നതെന്നാണ് ട്രംപിന്‍റെ നിലപാട്. മൂന്ന് ആഴ്ച കഴിഞ്ഞ് പ്രാബല്യത്തിൽ വരും.
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ചര്‍ച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ യുഎസിനു തുറന്നുനല്‍കുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്നാണ് തീരുവ ഉയർത്തിക്കൊണ്ടുള്ള ട്രംപിന്‍റെ ആദ്യ പ്രഖ്യാപനമുണ്ടായത്. ഇന്ത്യ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഇത് ഇപ്പോൾ 50 ശതമാനമാക്കി ഉയർത്തിയത്.