തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ മാതൃകകളുടെയും പരീക്ഷണങ്ങളുടെയും പിന്തുണയോടെ വിനിമയം ചെയ്യാൻ ലാബ് സൗകര്യം പ്രയോജനപ്പെടും. ഉപകരണങ്ങൾ,അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവയും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രത്തെ സൂക്ഷ്മതലത്തിൽ മനസ്സിലാക്കാനും ശാസ്ത്ര ബോധത്തോടെ വളരാനും വിദ്യാർഥികൾക്ക് ലാബ് പ്രവർത്തനങ്ങളിലൂടെ കഴിയും.
ശാസ്ത്ര -ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവർത്തിപരിചയ ഐടി മേളയുടെ ഉദ്ഘാടനവും ജുനൈദ് കൈപ്പാണി നിർവഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പറിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ എം ജെ ജെസ്സി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് കെ സി കെ നജ്മുദ്ദീൻ അധ്യക്ഷനായ പരിപാടിയിൽ പ്രധാനാധ്യാപകൻ എം മുസ്തഫ, സീനിയർ അസിസ്റ്റൻറ് കെ പ്രീതി, എസ്എംസി ചെയർമാൻ നാസർ സാവാൻ, മദർ പിടിഎ പ്രസിഡൻറ് ശ്രീജ, സ്റ്റാഫ് സെക്രട്ടറി വി സന്ധ്യ, ക്ലബ്ബ് കോർഡിനേറ്റർ കെ മിസ്വർ അലി എന്നിവർ സംസാരിച്ചു.