കോഴിക്കോട് : ബാലുശ്ശേരിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് മരണം. തുരുത്തിയാട് കോളശേരി മീത്തൽ ബിജീഷ് (36) സജിൻ ലാൽ (31) എന്നിവരാണ് മരിച്ചത്.
പോലീസ് സ്റ്റേഷന് സമീപം ബ്ലോക്ക് റോഡ് ജംഗ്ഷനിൽ വെച്ച് ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. മുൻപും ഈ പരിസരത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിക്കും.
അതേസമയം കോഴിക്കോട് നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി. യുവാവിന് ഗുരുതര പരിക്ക്. മുട്ടുങ്ങൽ – നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.