തൃശൂർ: കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട. പച്ചക്കറി ലോറിയിൽ കടത്തിയ 2765 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്, മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരമാണ് പിടികൂടിയത്. ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് (33) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്പി പി സി ബിജുകുമാറും സംഘവുമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ശക്തമാകാൻ സാധ്യതയുണ്ടെന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ പ്രത്യേക പരിശോധനകളും ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്. അമിതവേഗത്തിൽ വന്ന ഒരു വാഹനത്തെ കുറിച്ച് ഇതിനിടെ പൊലീസിന് വിവരം ലഭിച്ചു. പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ മിനി ലോറി തടഞ്ഞു.
പച്ചക്കറി ലോഡായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സംശയമുണ്ടായിരുന്ന പൊലീസ് പച്ചക്കറി മാറ്റി പരിശോധിച്ചപ്പോഴാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. വാഹനത്തിൻ്റെ ഡ്രൈവറെ ചോദ്യം ചെയ്തു. ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. സ്പിരിറ്റിൻ്റെ ഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഓണത്തിന് മുന്നോടിയായി വനമേഖലകൾ കേന്ദ്രീകരിച്ചും , പുഴയോരങ്ങളിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്.