പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള സബ്സിഡി ആനുകൂല്യം 2025-26 സാമ്പത്തിക വർഷത്തിലും തുടരാൻ കേന്ദ്ര മന്ത്രിസഭായോഗത്തിൽ തീരുമാനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചക സിലിണ്ടറുകൾ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 10 കോടി 33 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇന്നലെ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാചകവാതക സിലിണ്ടർ പ്രതിവർഷം ഒമ്പത് തവണ വരെ റീഫിൽ ചെയ്യുന്നതിന് 300 രൂപ നിരക്കിൽ സബ്സിഡി നല്‍കും. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് സർക്കാർ അംഗീകാരം നൽകിയതായും കേന്ദ്രമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി 4,200 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.