കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
വിവാഹംകഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു.ബിന്ദു എല്‍ദോസാണ് സോനയുടെ മാതാവ്. സഹോദരന്‍: ബേസില്‍. സോനയുടെ പിതാവ് മൂന്നുമാസം മുന്‍പാണ് മരിച്ചത്.
റമീസുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സോനയുടെ ബന്ധു എല്‍ദോസ് പീറ്റര്‍ പറഞ്ഞു. മതംമാറണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. സോന ആദ്യം സമ്മതിച്ചു. പിന്നെ ഇവനെക്കുറിച്ചുള്ള ചില കേസുകള്‍ അറിഞ്ഞു. എന്നിട്ടും കല്യാണത്തിന് സമ്മതമായിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു. രജിസ്റ്റര്‍വിവാഹമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി.
ആലുവയിലെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ കൂട്ടുകാരും ബന്ധുക്കളും മതംമാറാന്‍ നിര്‍ബന്ധിച്ചു. വീട്ടില്‍പൂട്ടിയിട്ട് ഉപദ്രവിച്ചു. രജിസ്റ്റര്‍വിവാഹം നടന്നില്ല. കൂട്ടുകാരിയുടെ വീട്ടില്‍പോവുകയാണെന്ന് പറഞ്ഞാണ് സോന അന്ന് വീട്ടില്‍നിന്നിറങ്ങിയത്. അവിടെനിന്നാണ് റമീസ് രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് കൊണ്ടുപോയത്. ഉപദ്രവിച്ചകാര്യം അവള്‍ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സോന തന്നെ കുറിപ്പില്‍ എല്ലാം എഴുതിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നീതി വേണം. പ്രതിയെ വെറുതെവിടരുതെന്നും എല്‍ദോസ് പീറ്റര്‍ പറഞ്ഞു.