വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കരടിയാണെന്ന് അധികൃതര്‍. നേരത്തെ പുലിയാണെന്ന സംശയം നിലനിന്നിരുന്നു. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുഖത്തെ മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വേവര്‍ലി എസ്റ്റേറ്റില്‍വെച്ചാണ് അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിക്ക് പാല്‍ വാങ്ങാനായി കടയിലേക്ക് പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴോടെ തേയിലത്തോട്ടത്തിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ പുറത്തുവന്ന വിവരം. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല.അതേസമയം കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കരടിയെ പിടികൂടുന്നതിന് ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു