കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ്, പോലീസിനോട് യാത്ര പറയാൻ സ്റ്റേഷനിലെത്തി എല്ലാവരെയും അമ്പരപ്പിച്ചു. എന്നാൽ, യാത്ര പറഞ്ഞു പോയതിന് ശേഷം ഒരു ബൈക്ക് മോഷ്ടിച്ചതോടെ, ഇയാളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പുറത്തിറങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് മോഷ്ടാവ് വീണ്ടും ജയിലിലായത്.
തൃശൂർ ഒല്ലൂർ സ്വദേശിയായ ബാബുരാജ് (45) ആണ് വിചിത്രമായ ഈ മോഷണത്തിന് പിന്നിൽ. 18 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കിയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാൾ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തി, ജയിൽ മോചിതനായെന്നും യാത്ര പറയാൻ വന്നതാണെന്നും പോലീസുകാരോട് പറഞ്ഞു. നല്ല ജീവിതം നയിക്കാൻ പോലീസ് ഉപദേശം നൽകി ഇയാളെ യാത്രയാക്കി.
തുടർന്ന് ഒരു ബാറിൽ കയറി മദ്യപിച്ച ശേഷം രാത്രി വൈകിയതിനാൽ നാട്ടിലേക്ക് പോകാൻ ബസ് കിട്ടിയില്ല. ഇതോടെ എസ്.എൻ. പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോൾ ഇന്ധനം തീർന്നതിനെ തുടർന്ന് ബൈക്ക് ഉപേക്ഷിച്ച ശേഷം ലോറിയിൽ കയറി തൃശൂരിലേക്ക് പോയി.
ബൈക്ക് കാണാനില്ലെന്ന് പറഞ്ഞ് ഉടമ ബാലുശ്ശേരി സ്വദേശി പി.കെ. സനൂജ് പരാതി നൽകി. തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാബുരാജിനെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടിയ പോലീസ് ചോദ്യം ചെയ്തപ്പോൾ ബൈക്ക് മോഷ്ടിച്ചതായി സമ്മതിച്ചു. ഇതോടെ പുറത്തിറങ്ങി മൂന്ന് ദിവസത്തിന് ശേഷം ബാബുരാജ് വീണ്ടും ജയിലിലേക്ക് മടങ്ങി