കൽപ്പറ്റ:സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്. വിവിധ പ്രായക്കാരായ പരീക്ഷാര്‍ത്ഥികൾക്കിടയിൽ താരമായി മാറുകയായിരുന്നു എസ്കെഎംജെയിൽ പരീക്ഷയ്ക്കെത്തിയ അറുപതുകാരൻ മൊയ്തു.
കമ്പളക്കാട് ജിയുപി സ്ക്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു ഇന്ന് തന്റെ ഉപജീവനമാര്‍ഗമായ ചായക്കടയ്ക്ക് അവധി നൽകിയാണ് ദീർഘകാലമായുള്ള ആഗ്രഹം സഫലമാക്കാനായി പരീക്ഷയ്ക്കെത്തിയത്. ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ള ഭാര്യ ജമീലയെയും മൂന്ന് മക്കളെയും പിന്നിലാക്കി പഠനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കണമെന്നാണ് അറുപതിലും കമ്പളക്കാട് സ്വദേശിയായ മൊയ്തുവിന്റെ അൽപം പോലും ചോരാത്ത ആഗ്രഹം.”നാലാംതരം തുല്യത സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടർന്ന് ഏഴാംതരം പരീക്ഷയെഴുതണം. അതും പാസായാൽ പിന്നെ പത്താംതരം. പിന്നെ ഹയർസെക്കണ്ടറിയും കടന്ന് തുല്യത ക്ലാസുകളിലൂടെ പഠിച്ച് ബിരുദം നേടണം,” തന്റെ സ്വപ്നങ്ങൾ മൊയ്തു എണ്ണിപ്പറഞ്ഞു