കൽപ്പറ്റ: ഏഴാംതരം തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെ ചേർത്തുപിടിച്ചാണ് അമ്പിലേരി ഉന്നതിയിലെ രാധ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് തയ്യാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് കൂടെ വരാൻ വാശിപിടിച്ചത്. അങ്ങിനെ നഴ്സറി വിദ്യാർത്ഥിയായ ആദിത്യനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഏഴാം തരം തുല്യതാ പരീക്ഷയെഴുതിയ രാധയും എന്നോ നിലച്ച സ്വപ്നങ്ങൾക്ക് നിറം പകരുകയാണ്. ഈ ബാച്ചിൽ തന്നെ പത്താംതരം തുല്യത കോഴ്സിൽ ചേർന്ന് വിജയിച്ച് അതിന് ശേഷം പി എസ് സി പരീക്ഷയെഴുതി സർക്കാർ ജോലി വാങ്ങണമെന്നാണ് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 36 വയസുകാരിയുടെ ആഗ്രഹം.
സെപ്തംബര്‍ 15ന് മുമ്പ് ഡയറ്റിന്റെ നേതൃത്വത്തില്‍ തുല്യത പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കും. വിജയികള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തുടര്‍ന്ന് വിജയികൾക്ക് ഈ വര്‍ഷത്തെ പത്താംതരം തുല്യത കോഴ്‌സിൽ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരവും ലഭിക്കും.