ആധാർ കാർഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതു സംബന്ധിച്ച വാദം അംഗീകരിച്ചാണ് കോടതി നിരീക്ഷണം. അതേസമയം ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ബിഹാര്‍ വോട്ടര്‍പട്ടിക അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള, തീവ്ര വോട്ടർ പട്ടികാ പുനപ്പിശോധനയ്ക്ക് എതിരായ (SIR) പരാതി പ്രകാരമുള്ള കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി ആധാറിനെ കണക്കിലെടുക്കാനാകില്ലെന്നും ഇതിനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നിലനിൽക്കുന്നതാണെന്നും അതേസമയം ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരുടെ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
നേരത്തേ കേസിൽ വാദം കേട്ടപ്പോൾ ആധാറും വോട്ടർ തിരിച്ചറിയൽ കാർഡും അംഗീകരിക്കുന്നതിൽ എന്താണ് തടസമെന്ന് കോടതി ആരാഞ്ഞിരുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽ ഉറച്ചു നിന്നു. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2002-ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കില്‍ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നൽകാനും നിശ്ചയിക്കാനുമുള്ള ഏജൻസിയാക്കി മാറ്റരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഒരു വോട്ടര്‍, ആധാറും റേഷന്‍ കാര്‍ഡും സഹിതം ഫോം സമര്‍പ്പിച്ചാല്‍, അതിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. രേഖകള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളവരെ ആ വിവരം യഥാര്‍ത്ഥത്തില്‍ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ബെഞ്ച് വ്യക്തത തേടി.