സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി രൂപയുടെ ചിട്ടി ബിസിനസാണ് ചെയ്തത്. 376.4 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ ദീർഘ, ഹ്രസ്വകാല നിക്ഷേപങ്ങൾ ഉൾപ്പെടുന്നു.
ഇക്കാലയളവിൽ ആകെ 385.8 കോടി രൂപ വായ്പയിനത്തിൽ നൽകി. ഭവന വായ്പ, ചിട്ടി വായ്പ, സ്വർണ വായ്പ, കാർ വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ എല്ലാ വായ്പകളും ഉൾപ്പെടെയാണിത്. 2010 വരെ നാല് കെഎസ്എഫ്ഇ ശാഖകൾ മാത്രമുണ്ടായിരുന്ന ജില്ലയിൽ അതിനുശേഷമാണ് ബിസിനസ് വർധിച്ചതിനനുസരിച്ചു ശാഖകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായത്. ജില്ലയിൽ ആദ്യത്തെ ശാഖയായ കല്പറ്റ സംസ്ഥാനത്ത് തന്നെ ഏറ്റവും പഴക്കമുള്ള ശാഖകളിൽ ഒന്നാണ്. കമ്പളക്കാട് ആണ് വയനാട്ടിൽ അവസാനം തുടങ്ങിയ ശാഖ.
ചിട്ടി, വായ്പ, നിക്ഷേപം എന്നിവയിൽ സുൽത്താൻ ബത്തേരിയിലെ ആദ്യത്തെ ശാഖയാണ് മുന്നിൽ.10.022 കോടി രൂപയുടെ ചിട്ടി ബിസിനസ് ചെയ്ത ശാഖയിൽ 79.64 കോടി രൂപയുടെ നിക്ഷേപമുള്ളപ്പോൾ വായ്പയിനത്തിൽ നൽകിയത്.57.14 കോടി രൂപയാണ്. സുൽത്താൻ ബത്തേരിയിൽ രണ്ടാമതൊരു ശാഖ കൂടിയുണ്ട്. മാനന്തവാടി ശാഖയാണ് പ്രകടനത്തിൽ രണ്ടാമത്. താമരശ്ശേരി, വടകര താലൂക്കുകൾ ഉൾപ്പെടുന്ന കെഎസ്എഫ്ഇയുടെ കോഴിക്കോട് റൂറൽ റീജ്യന്റെ കീഴിലാണ് വയനാട് ജില്ല വരുന്നത്. റീജ്യന്റെ ആകെ ചിട്ടി ബിസിനസ് 149.87 കോടി രൂപയും വായ്പ 816.15 കോടി രൂപയും നിക്ഷേപം 867.14 കോടി രൂപയുമാണ്.