ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോൾ പിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈകോടതി ഉത്തരവ് തുടരും. വിധിക്കെതിരെ ദേശീയ പാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
ഹൈകോടതി വിധിയിൽ ഇടപെടാൻ യാതൊരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് അപ്പീൽ തള്ളിയത്. പൗരന്മാർക്ക് അവരുടെ നികുതിപ്പണം കൊണ്ട് നിർമിച്ച റോഡുകളിൽ കൂടുതൽ പണം നൽകാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാനും സാഹചര്യം നിരീക്ഷിക്കാനും ഹൈകോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു
മണ്ണൂത്തി ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈകോടതി തടഞ്ഞത്. ഗതാഗത കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്തരുതെന്ന് ആവശ്യപ്പെട്ട് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മൂന്ന് ആഴ്ചക്കുള്ളിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണം പൂർത്തിയാക്കാമെന്ന് ദേശീയ പാത അതോറിറ്റി ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്