റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കര്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ നിര്‍മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള

വിശദ പദ്ധതി രേഖ, കോണ്ടൂര്‍ സര്‍വെ, മണ്ണ് പരിശോധന എന്നിവ പൂര്‍ത്തിയായിവരുന്നു. ഓഗസ്റ്റ് 30നകം പദ്ധതിയുടെ വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജൻസിയായ എച്ച്എൽഎൽ ലൈഫ് കെയറിനെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. 12 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനുമായി കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 60 ശതമാനം വരുന്ന 7.2 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കൈമാറുമെന്നും ബാക്കി തുകയും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള മറ്റ് മുഴുവൻ അക്കാദമിക പ്രവര്‍ത്തനങ്ങൾക്കുമുള്ള ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ നൽകണമെന്നതാണ് വ്യവസ്ഥ. നിലവിൽ കേന്ദ്ര വിഹിതത്തിന്റെയും സംസ്ഥാന വിഹിതത്തിന്റെയും 50 ശതമാനം തുകകൾ റൂസ ഫണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു.

 

കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുംവരെ കാത്തിരിക്കാതെ ഈ അക്കാദമിക വര്‍ഷം മുതൽ തന്നെ റൂസ മോഡൽ ഡിഗ്രി കോളജിൽ ക്ലാസുകൾ ആരംഭിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും തീരുമാനിക്കുകയായിരുന്നു. മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോളജ് പ്രവര്‍ത്തിച്ചുതുടങ്ങാനൊരുങ്ങുകയാണ്. 30 സീറ്റുകൾ വീതമുള്ള ബിഎ ഇംഗീഷ്, മലയാളം കോഴ്സുകൾക്ക് പുറമെ 25 സീറ്റുകൾ വീതമുള്ള ബിഎസ്‍സി സൈക്കോളജി ആന്റ് ന്യൂറോ സയൻസ്, ബിഎസ് സി ജിയോ ഇൻഫര്‍മാറ്റിക്സ് ആന്റ് റിമോട്ട് സെൻസിങ് എന്നിവയും 40 സീറ്റുകളുള്ള ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൌണ്ടിങ് കോഴ്സുമാണ് അനുവദിച്ചത്. എല്ലാ കോഴ്സുകൾക്കും കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു നിലവിൽ സര്‍വകലാശാലയുടെ ഏകജാലക പ്രവേശന സംവിധാനത്തിലൂടെ അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനോടകം 102 വിദ്യാര്‍ത്ഥികൾ പ്രവേശനം നേടുകയും ചെയ്തു.

 

ക്ലാസുകൾ താത്കാലികമായി ആരംഭിക്കുന്ന മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഈ പ്രവര്‍ത്തനങ്ങൾ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തിൽ പൂര്‍ത്തിയാക്കി. ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുമുണ്ട്. കൽപ്പറ്റ ഗവ. കോളജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ പി സുധീര്‍ കുമാറിനാണ് കോളേജ് സ്പെഷ്യൽ ഓഫീസറുടെ ചുമതല നൽകിയിരിക്കുന്നത്.

 

ഏഴ് സ്ഥിരം അധ്യാപക തസ്തികകൾ റൂസ കോളജിൽ സര്‍ക്കാര്‍ അനുവദിച്ചു. ഈ അധ്യാപകര്‍ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക് എന്നിവരെയും നിയമിച്ചിട്ടുണ്ട്. താത്കാലിക ക്ലീനിങ് ജീവനക്കാരായി രണ്ട് പേരെ കുടുംബശ്രീ വഴിയും നിയമിച്ചു. നൈറ്റ് വാച്ച്മാൻ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.

 

തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തതോടെ കോളജിന്റെ പ്രവര്‍ത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

 

2019ലാണ് രാജ്യത്തെ 51 ആസ്പിരേഷനൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന് (റൂസ) കീഴിൽ ആരംഭിക്കുന്ന മോഡൽ ഡിഗ്രി കോളേജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിൽ നടത്തിയത്. കേരളത്തിൽ നിന്ന് ഈ പദ്ധതിയിൽ ഉൾപ്പെട്ടത് വയനാട് ജില്ലയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *