കൽപറ്റ: ജില്ലയിലെ 22 സിഡിഎസുകൾക്ക് അന്തര്‍ദേശീയ ഗുണനിലവാര അംഗീകാരം. മികവിൽ കുതിക്കുന്ന കുടുംബശ്രീക്ക് കരുത്തായി ഐഎസ്ഒ അംഗീകാരം ലഭിച്ചത്. പ്രവർത്തനത്തിൽ ഗുണമേന്മയും മികച്ച സേവനവും ഉറപ്പാക്കിയ 22 സിഡിഎസുകൾക്കാണ് ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഐഎസ്ഒ അംഗീകാരം ലഭിച്ചിരിക്കുന്നത്.
മൂന്ന് വർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം കാഴ്ചവെച്ചതിനൊപ്പം പൊതുജന സേവനവും മുഖമുദ്രയാക്കിയാണ് കുടുംബശ്രീ സിഡിഎസുകൾ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയായ ഐഎസ്ഒ സർട്ടിഫിക്കേഷന് അർഹരായത്.
ഐഎസ്ഒ സർട്ടിഫിക്കേഷന് വേണ്ടിയുള്ള കൺസൾട്ടൻസി ഏജൻസി ആയ കിലയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിലാണ് 22 സിഡിഎസുകൾ ഇപ്പോൾ ഐഎസ്ഒ 9001:2015 അംഗീകാരത്തിലേക്ക് ചുവടുവെച്ചത്. കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തലസൗകര്യ നിലവാരം, സ്ത്രീ -ഭിന്നശേഷി -വയോജന സൗഹൃദ സേവന സംവിധാനം എന്നിവ പരിഗണിച്ചാണ് നേട്ടം. സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ അംഗീകാരം കിട്ടിയതും വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സിഡിഎസിനായിരുന്നു.
അയൽക്കൂട്ട വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കൽ, അർഹരായ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയിൽ ഉൾപെടുത്തൽ, യുവതി യുവാക്കൾക്കുള്ള തൊഴിൽ നൈപുണി പരിശീലനം, കമ്മ്യൂണിറ്റി കൗൺസിലിംഗ്, അംഗങ്ങൾക്കുള്ള കാര്യശേഷി വികസനം തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ജില്ലയിലെ സിഡിഎസുകൾ ഏറെ മുന്നിലാണ്. പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി.