കാർഷിക തൊഴിൽ മേഖലയിലെ -കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന . ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന.
കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ ഉറപ്പാക്കുന്നു ഈ സംഘം.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും തൊഴിലാളികളുടെ കൂട്ടായ്മയിലുമാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ കാർഷിക തൊഴിൽ സേന ഇന്ന് മുന്നോട്ടുപോകുന്നത്. കർഷകർക്ക് കുറഞ്ഞ നിരക്കിൽ തൊഴിലാളികളെയും കാർഷികോപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം, അംഗങ്ങളായ സാധാരണക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട്, കൊളഗപ്പാറ, റാട്ടക്കുണ്ട്, കൃഷ്ണഗിരി എന്നീ പ്രദേശങ്ങളിൽ നിന്നായി 40 ഓളം തൊഴിലാളികളാണ് കാർഷിക തൊഴിൽ സേനയിൽ അണിനിരക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കാട് വെട്ടുന്നതിനുള്ള ഏഴ് മെഷീനുകൾ, മരം മുറിക്കുന്നതിനുള്ള മെഷീൻ, പൂന്തോട്ടം, പച്ചക്കറി കൃഷികൾക്ക് ആവശ്യമായ ടില്ലറുകൾ, മരുന്ന് അടിക്കാൻ ആവശ്യമായ സ്പ്രേയർ, കുഴിയെടുക്കുന്ന മെഷീൻ എന്നിവ കൂടാതെ തൂമ്പ, കത്തി, കൈക്കോട്ട് മുതലായ കാർഷികോപകരണങ്ങളും സേനയിൽ ലഭ്യമാണ്.
സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷക തൊഴിലാളികൾക്ക് ആധുനിക കാർഷിക മെഷിനറികൾ ഉപയോഗിക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകിയിട്ടുണ്ട്. 2018ൽ തൊഴിൽ സേന കർഷക തൊഴിലാളി സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടന, കഴിഞ്ഞ മൂന്ന് വർഷമായി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ വിജയകരമായി പ്രവർത്തിച്ചു വരികയാണ്. ഭാവിയിൽ ജില്ലയിലെ തരിശുഭൂമികളെ കൃഷിയോഗ്യമാക്കാനും ആവശ്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് സംഘത്തിന്റെ നേതൃത്വം പറയുന്നു. എം ആർ ശശീന്ദ്രൻ സെക്രട്ടറിയും എ എൻ തങ്കച്ചൻ പ്രസിഡന്റുമായി അഞ്ച് പേരുൾപ്പെടുന്ന ഭരണസമിതിയാണ് സംഘത്തെ മുന്നോട്ട് നയിക്കുന്നത്.