കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ 41 വയസ്സുകാരനാണ് രോഗബാധിതനായത്. ഇദ്ദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളും മൂന്ന് പേർ മലപ്പുറം സ്വദേശികളുമാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ കേസ് വയനാട്ടിൽ നിന്നുള്ളതാണ്. മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. കുഞ്ഞ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ നീണ്ടുപോകുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ദിനംപ്രതി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗം തടയുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്.