നിലമ്പൂർ: നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ രാത്രിയാത്ര പ്രശ്നത്തിനു പരിഹാരമായി. നിലമ്പൂരിലേക്കുള്ള മെമു ഷൊർണൂരിൽ നിന്നു കുതിച്ചുതുടങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാത്രി 8.40ന് എട്ടു റേക്കുകളും എണ്ണൂറിലധികം യാത്രക്കാരുമായി ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.
കേന്ദ്രസർക്കാർ കേരളത്തിലെ റെയിൽവേ വികസനം വേഗത്തിലാക്കുന്നുവെന്നും കേരളത്തിലെ ആദ്യത്തെ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ ഇന്ന് വികസനത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ മേഖലയിൽ നിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്സിക്യൂട്ടീവ് ട്രെയിനിനെ ആശ്രയിക്കാതെ മെമുവിൽ കയറി നിലമ്പൂരിലെത്താം. ഉദ്ഘാടന ദിവസമായ ഇന്നലെ മാത്രം 06326 എന്ന നമ്പറുള്ള മെമു ട്രെയിനാണു സർവീസ് നടത്തിയത്. എന്നാൽ ഇന്നു മുതൽ 66325, 66326 എന്നീ നമ്പറുകളിലുള്ള എറണാകുളം – ഷൊർണൂർ മെമു തന്നെയാകും നിലമ്പൂർ സർവീസ് നടത്തുക.
നിലവിൽ വൈകിട്ട് 5.40ന് എറണാകുളം ജംക്‌ഷനിൽ നിന്ന് യാത്ര ആരംഭിക്കുന്ന മെമു രാത്രി 8.30 നാണ് ഷൊർണൂരിൽ എത്തുന്നത്.
8.35ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയം: വല്ലപ്പുഴ– 8.49, കുലുക്കല്ലൂർ– 8.54, ചെറുകര– 9.01, അങ്ങാടിപ്പുറം–9.10, പട്ടിക്കാട്– 9.17, മേലാറ്റൂർ– 9.25, വാണിയമ്പലം– 9.42, നിലമ്പൂർ– 10.05.
നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കുള്ള ട്രെയിൻ പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്നു പുറപ്പെടും. വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം: വാണിയമ്പലം– 3.49, അങ്ങാടിപ്പുറം– 4.24, ഷൊർണൂർ– 4.55.
ഉദ്ഘാടന പരിപാടിയിൽ ഡിവിഷനൽ റെയിൽവേ മാനേജർ മധുക്കർ റൗത്ത്, വി.കെ.ശ്രീകണ്ഠൻ എംപി, പി.മമ്മിക്കുട്ടി എംഎൽഎ, നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ്, പാസഞ്ചേഴ്സ് അമിനിറ്റി മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസ്, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എം.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാൻ യാത്രക്കാർ ഇനി ഓടിത്തളരേണ്ട. ഷൊർണൂർ– നിലമ്പൂർ പാസഞ്ചർ പോയാലും തൊട്ടുപിന്നിൽ എത്തുന്ന മെമുവിൽ കയറാം. ആറാമത്തെ പ്ലാറ്റ്ഫോമിൽ 8 മണിയോടെ എത്തുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവിൽ നിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസിനെ ലക്ഷ്യംവച്ചായിരുന്നു വർഷങ്ങളായി യാത്രക്കാരുടെ ഓട്ടം. ഏഴുമണിയോടെ ഷൊർണൂർ ജംക്‌ഷനിൽ എത്തുന്ന നിലമ്പൂർ എക്സ്പ്രസ് കൃത്യം 8.10ന് ഷൊർണൂരിൽ നിന്നു യാത്ര ആരംഭിക്കുന്നതാണ് യാത്രക്കാർക്ക് വിനയായത്. 7.47 ആണ് എക്സിക്യൂട്ടീവിന്റെ യഥാർഥ സമയമെങ്കിലും 8.10ഓടുകൂടിയാണ് പലപ്പോഴും ഷൊർണൂരിൽ സ്റ്റേഷനിൽ എത്തുന്നത്.
എറണാകുളം – നിലമ്പൂർ മെമു യാത്ര ആരംഭിച്ചതിന്റെ ഭാഗമായി ഷൊർണൂർ– നിലമ്പൂർ ട്രെയിനിന്റെ സമയത്തിൽ റെയിൽവേ മാറ്റംവരുത്തി. രാത്രി 8.10ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി രാത്രി 7.10നാണ് സർവീസ് നടത്തുക. 7.44ന് അങ്ങാടിപ്പുറത്തും 8.18ന് വാണിയമ്പലത്തും 8.50ന് നിലമ്പൂരിലും എത്തുന്ന രീതിയിലാണ് ക്രമീകരണം. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കു രാത്രി 8.05ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് വൈകിപ്പിച്ചു. 8.15ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.45നാണ് ഷൊർണൂരിൽ എത്തുക