സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തുടങ്ങി. പ്രവൃത്തിയുടെ ഒൗദ്യോഗിക ഉദ്‌ഘാടനം 31ന് പകൽ മൂന്നിന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് നിർമാണം കരാർ എടുത്തിട്ടുള്ളത്. മേപ്പാടി റോഡിൽനിന്ന് 300 മീറ്റർ അകലെനിന്നാണ് തുരങ്കം ആരംഭിക്കുക. ഇവിടേക്കുള്ള പാതയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഓഫീസ് ഒരുക്കുന്നതിനുള്ള കണ്ടെയ്‌നറും എത്തിച്ചു. തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാത പദ്ധതിക്ക് തുടക്കമിട്ടത്. ഒട്ടനവധി കടമ്പകൾ കടന്നാണ് അനുമതി നേടിയത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെയാകെ വികസനത്തിൽ കുതിപ്പാകും.