കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചികിത്സയിലുള്ളവരുടെ എണ്ണം ഒൻപതായി. പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്ചയാണ് ബീച്ച് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മൈക്രോബയോളജി ലാബിൽ ബുധനാഴ്ച നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളജിൽ നിലവിൽ രോഗബാധയെത്തുടർന്ന് ചികിത്സയിലുള്ളവരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കോഴിക്കോട് ജില്ലയിൽനിന്നുള്ള ആറു പേരാണ് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റു മൂന്നു പേർ മലപ്പുറം, വയനാട് സ്വദേശികളാണ്.