വയനാട് ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്രത്തോട് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ വയനാട് ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി വയനാട് ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്‌ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി.

 

ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തിൽ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി ഗഡ്‌കരിക്ക് അയച്ച കത്തിൽ പറയുന്നു.

 

കഴിഞ്ഞ ഓഗസ്റ്റ് 26-ന് ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് തുടർന്നും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തിൽ പറയുന്നു.

 

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്കും കണക്‌ടിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്‌ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ബദൽ പാത ഒരുക്കുന്നതിനുള്ള നടപടികൾ സർക്കാർ എത്രയും വേഗം പരിഗണിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *