ജില്ലാ വികസന സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ഭൂമി ആവശ്യമുള്ള 148 കുടുംബങ്ങളില്‍ 47 കുടുംബങ്ങള്‍ക്ക് സ്ഥലത്തിന് എഗ്രിമെന്റ് വെച്ചു. ഇതില്‍ 38 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത്, നഗരസഭ പദ്ധതി മുഖേന ഭൂമി കണ്ടെത്തിയിട്ടുണ്ട്. 39 കുടുംബങ്ങള്‍ക്ക് റവന്യൂ ഭൂമി കണ്ടെത്തി. വൈത്തിരി താലൂക്കില്‍ 18 അതിദരിദ്ര ഭൂരഹിത കുടുംബങ്ങളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയില്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കല്‍പ്പറ്റ നഗരസഭയില്‍ വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും 10 കുടുംബങ്ങള്‍ക്ക് ത്രിതല പഞ്ചായത്ത് മുഖേന ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. മാനന്തവാടിയില്‍ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 17 കുടുംബങ്ങളാണുള്ളത്. ആറു കുടുംബങ്ങള്‍ക്ക് മാനന്തവാടി നഗരസഭയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. രണ്ടു കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് മുഖേന വീട് അനുവദിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ലയങ്ങളിലും പരിശോധന നടത്തിയതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. 14500 അതിഥി തൊഴിലാളികളാണ് ജില്ലയില്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ പരിശോധന നടത്തുമെന്നും തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു.
ബാണാസുര ഡാം പരിസരത്തിനോട് ചേര്‍ന്നുള്ള കുതിരപ്പാണ്ടി റോഡിന് പകരമായി അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് തരിയോട് ഗ്രാമപഞ്ചായത്ത്, കെഎസ്ഇബി, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി ആവശ്യമായി നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൈനാട്ടി-മുത്തങ്ങ വരെയുള്ള ദേശീയ പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള കാട് വെട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയതായി നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ, ജനവാസ മേഖലയോട് ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണം വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ നിര്‍മ്മിച്ച 11 ജലസംഭരണികള്‍ കണ്ടെത്തി. ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി മേപ്പാടി മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കരട് മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് അറിയിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. കോട്ടത്തറ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, തൊണ്ടനാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ ഉന്നതികള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികൾക്കും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളുടെ ദൈനംദിന ട്രിപ്പില്‍ രാത്രി സമയങ്ങളിലെ ട്രിപ്പ് മുടക്കുന്ന ഏട്ട് സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് എന്‍.എച്ച്. അസിസ്റ്റന്റ് എന്‍ജിനീയറോട് യോഗം ആവശ്യപ്പെട്ടു. കടമാന്‍തോട് ഡാം പദ്ധതിയുടെ ആശങ്ക പരിഹരിക്കാന്‍ പ്രദേശവാസികളുടെ സംയുക്ത യോഗം ചേരണമെന്ന് എം.പി. പ്രിയങ്ക ഗാന്ധിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ അറിയിച്ചു. എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാതല വികസന സമിതി യോഗത്തില്‍ എം.എല്‍.എ. ടി. സിദ്ദിഖ്, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു