പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക. പ്രമേഹരോഗികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
ഒന്ന്
ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം തവിടുള്ള ധാന്യങ്ങൾ തിരഞ്ഞെടുക്കുക. വെളുത്ത അരി, മൈദ തുടങ്ങിയ സംസ്കരിച്ച ധാന്യങ്ങൾ വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവിന് കാരണമാകുന്നു. ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങളിലേക്ക് മാറുന്നത് ആരോഗ്യത്തിന് നല്ലതാണ്. 2022 ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, തവിടുപൊടിയിലെ നാരുകൾ ദഹനത്തെ എളുപ്പമാക്കുകയും നിങ്ങളെ കൂടുതൽ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. മൾട്ടിഗ്രെയിൻ ആട്ട ഉപയോഗിച്ച് റൊട്ടി ഉണ്ടാക്കുക പ്രഭാതഭക്ഷണത്തിൽ റോൾഡ് ഓട്സ് ചേർക്കുക.
രണ്ട്
നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന എണ്ണയുടെ തരവും അളവും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. ഒലിവ്, ഫ്ളാക്സ് സീഡ് അല്ലെങ്കിൽ വാൽനട്ട് ഓയിൽ പോലുള്ള ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കുക. എണ്ണയുടെ അളവ് കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മൂന്ന്
‘പച്ചക്കറികളിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ കഴിക്കുക. പ്ലേറ്റിന്റെ പകുതി ഭാഗം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുന്നത് സ്വാഭാവികമായും ഭക്ഷണം സന്തുലിതമാക്കുകയും മറ്റ് ചെയ്യുന്നു.
നാല്
അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക്, ദിവസേനയുള്ള സോഡിയം ഉപഭോഗം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉപ്പ് ഉപഭോഗം വർദ്ധിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അഞ്ച്
പഞ്ചസാര, സോഡിയം, അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. നട്സ്, സൂപ്പ് പോലുള്ളവ കഴിക്കുക.
ആറ്
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ ജലാംശം നിർണായക പങ്ക് വഹിക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കി വെള്ളം, ഹെർബൽ ടീ, അല്ലെങ്കിൽ ബാർലി വെള്ളം, ജീര വെള്ളം പോലുള്ള പാനീയങ്ങൾ കുടിക്കുക.