അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും മാതൃകാ ജൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനവും ചടങ്ങിൽവെച്ച് നടന്നു.
മുപ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പഴയ കെട്ടിടത്തിലെ പരിമിതികൾ കാരണം വീര്‍പ്പുമുട്ടുകയായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറുമ്പോൾ പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ടാം നിലയിലേക്ക് കയറിയിറങ്ങേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാവുകയും ചെയ്യും.
വിവിധ പ്രോജക്ടുകളിലായി ആകെ 96.48 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ച് 2022-23 വര്‍ഷത്തിലാണ് കെട്ടിട നിർമാണം ആരംഭിച്ചത്. വയറിങ്, പെയിന്റിങ്, ഫർണിച്ചർ പ്രവൃത്തികൾ, ടോയ്ലറ്റ് നവീകരണം ഉൾപ്പെടെ അനുബന്ധ പ്രവൃത്തികൾ തുടങ്ങി മുഴുവൻ പ്രവൃത്തികളും ഇപ്പോൾ പൂര്‍ത്തിയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. ഷമീർ, സെക്രട്ടറി കെ. എ അബ്ദുൽ ജലീൽ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. എസ് വിജയ, ഗ്ലാഡീസ് സ്കറിയ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷീജ ബാബു, ജെസ്സി ജോർജ്, ടി.ബി സെനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.സി കൃഷ്ണകുമാർ, വി.വി രാജൻ, അമ്പലവയൽ സി.ഡി.എസ് ചെയർപേർസൺ നിഷ രഘു പി.കെ. സത്താർ പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജി ബിജു എന്നിവർ സംസാരിച്ചു.