വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി .കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കുന്ന വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് ഈ പാലം നിർമാണം പൂർത്തിയാവുന്നതോടെ യാഥാർത്ഥ്യമാവുന്നത്.
മാനന്തവാടി – വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു വിലയിരുത്തി. മാനന്തവാടി നഗരസഭയെയും എടവക ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 17 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്. ഡിസംബറോടെ പ്രവൃത്തികൾ പൂർത്തികരിക്കും. 207 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമുള്ള പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നടത്തുന്നത്. പൂർത്തിയാവുമ്പോൾ ജില്ലയിലെ ഏറ്റവും വലിയ പാലമായി ഇത് മാറുകയും ചെയ്യും.
പാലത്തിൻ്റെ അവസാന സ്ലാബിൻ്റെ കോൺക്രീറ്റ് പ്രവൃത്തി നിലവിൽ പൂർത്തിയായി. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീതികുറഞ്ഞ പഴയ പാലത്തിന്റെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലാവുകയും മഴക്കാലത്ത് വെള്ളം കയറി പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയും ആയിരുന്നു നിലനിന്നിരുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. കൗൺസിലർമാരായ കെ.സി സുനിൽകുമാർ, വി.ആർ പ്രവീജ്, അബ്ദുൾ ആസിഫ് എന്നിവർ സന്ദർശനത്തിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.