ബത്തേരി : 29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും സർഗാത്മക മികവുകളാൽ സമ്പന്നമായിരുന്ന കലാമേളയിൽ 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. സുൽത്താൻ ബത്തേരി ഡയറ്റും അധ്യാപക ഭവനും ഉൾപ്പെടെ അഞ്ചു വേദികളിലായിരുന്നു കലാപരിപാടികൾ. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.
സംഘഗാനം, ലളിതഗാനം, കവിയരങ്ങ്, മോണോ ആക്ട്, പദ്യ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. സംസ്ഥാനത്തിന്റെ കലാപാരമ്പര്യത്തിന് അധ്യാപക സമൂഹം നൽകിയ മഹത്തായ സംഭാവനകളെ പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു കലാമേളയിലെ അവതരണങ്ങൾ. തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി.
ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു,എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ വി അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുത്തു.