കൊച്ചി:ഓണാഘോഷങ്ങളുടെ ആലസ്യത്തിൽ നിന്ന് തിരിച്ചുവന്ന കുരുമുളക് കർഷകരെ കാത്തിരുന്നത് വിലത്തകർച്ച. അന്തർസംസ്ഥാന സുഗന്‌ധവ്യഞ്‌ജന വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും നിത്യേന വില ഇടിച്ച് ചരക്ക് സംഭരിക്കുന്ന നയമാണ് അവർ കൈക്കൊണ്ടത്. ഉയർന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച് വൻകിട കർഷകരും മധ്യവർത്തികളും വാരാരംഭത്തിലെ തളർച്ചയെ കാര്യമാക്കിയില്ലെങ്കിലും വില ഇടിവിന് ആക്കം വർധിച്ചതോടെ വിൽപനയിലേക്ക് തിരിഞ്ഞു. മുഖ്യ വിപണികളിലേക്കുള്ള കുരുമുളക് വരവ് ശക്തിയാർജിക്കുന്നത് കണ്ട് വാങ്ങലുകാർ അൽപം പിൻവലിഞ്ഞ് ഉൽപന്നത്തെ കൂടുതൽ സമ്മർദത്തിലാക്കി. വാങ്ങലുകാർ സംഘടിതരായി നിരക്ക് താഴ്‌ത്തി ചരക്ക് സംഭരിച്ചു. ഓഫ് സീസണിലെ റെക്കോഡ് വില പ്രതീക്ഷിച്ച കർഷകർ വാരത്തിന്റെ രണ്ടാം പാദത്തിൽ വിൽപനയിലേക്ക് ശ്രദ്ധതിരിച്ചത് ഉത്തരേന്ത്യൻ വാങ്ങലുകാർ നേട്ടമാക്കി. ഇതിനിടയിൽ വിയറ്റ്‌നാം കുരുമുളക് കുറഞ്ഞ വിലക്ക് സംഭരണത്തിന് ഒരു വിഭാഗം വ്യവസായികൾ നീക്കം നടത്തി. വിദേശ ചരക്ക് എത്തിച്ച് നാടൻമുളകുമായി കലർത്തി ക്രിസ്‌മസ് വരെയുള്ള കാലയളവിൽ ആഭ്യന്തര വിപണിയിലിറക്കാനുള്ള ശ്രമത്തിലാണവർ. അൺ ഗാർബിൾഡ് 70,300 രൂപയിൽ നിന്ന് വാരാവസാനം 69,600 ലേക്ക് ഇടിഞ്ഞു.
ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക് പ്രവാഹം തുടരുന്നു. പുതിയ ഏലക്ക വിറ്റഴിക്കാൻ വൻകിട തോട്ടങ്ങൾക്കൊപ്പം ചെറുകിട കർഷകരും രംഗത്ത് അണിനിരന്നു. പശ്ചിമേഷ്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഉൽപന്നത്തിന് അന്വേഷണങ്ങളുണ്ട്. ക്രിസ്‌മസ്, പുതുവർഷം വരെയുള്ള ആവശ്യങ്ങൾക്കാണ് അവർ രംഗത്തെത്തിയത്. ഇതിനിടയിൽ ദീപാവലി, ദസറ ആഘോഷ വേളയിലെ വിൽപന മുന്നിൽ കണ്ട് ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരിച്ചു. വിവിധ ലേലങ്ങളിൽ ശരാശരി ഇനങ്ങൾ കിലോ 2500 രൂപക്ക് മുകളിൽ നിലകൊള്ളുന്നത് കർഷകർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ മുന്നിലുള്ള നാലു മാസങ്ങളിൽ ഏലം വിളവെടുപ്പുമായി മുന്നേറാനാവുമെന്ന കണക്കുകൂട്ടലിലാണ് ഹൈറേഞ്ച് കർഷകർ.