ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി;ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതിയിൽ ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ പരിശോധനകള്‍ മാത്രം ആവശ്യമുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ജനന സമയത്ത് ആശുപത്രികളില്‍ നിന്നുള്ള പരിശോധന, ഗൃഹസന്ദര്‍ശനത്തിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധന, അങ്കണവാടി, സ്‌കൂളുകളില്‍ നടത്തുന്ന ആര്‍.ബി.എസ്.കെ സ്‌ക്രീനിങ് എന്നിവ മുഖേനയാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്.

 

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളെയും പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിങ്ങിന് വിധേയമാക്കും. ശിശുരോഗ വിദഗ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തും. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതിയിലൂടെ സേവനം ഉറപ്പാക്കുന്നുണ്ട്. ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്ക് സ്വന്തമായും രജിസ്‌ട്രേഷന്‍ നടത്താം. കൂടാതെ ജില്ലയിലെ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലും (ഡിഇഐസി) രജിസ്റ്റര്‍ ചെയ്യാം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും പദ്ധതിയില്‍ ലഭ്യമാണ്.

 

ഗര്‍ഭസ്ഥ ശിശുവില്‍ നടത്തുന്ന പരിശോധയില്‍ രോഗാവസ്ഥ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്‌ട്രേഷന്‍ നടത്താനും പദ്ധതിയിലൂടെ സാധിക്കും. ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫറ്റ് വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കും. ശസ്ത്രക്രിയക്ക് ശേഷം ചികിത്സാ വിശദാംശങ്ങള്‍ അതത് ആശുപത്രികള്‍ക്ക് ലഭ്യമായ ലോഗിന്‍ ഐഡി മുഖേന സോഫറ്റ് വെയറില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ) നഴ്‌സുമാര്‍ ഫീല്‍ഡ് തലത്തില്‍ കുട്ടികളെ വീടുകളില്‍ പോയി സന്ദര്‍ശിച്ച് വിവിരങ്ങള്‍ വിലയിരുത്തും.

 

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ്, എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം ലിസ്സി ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളെജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളെയാണ് പദ്ധതിക്കായി സര്‍ക്കാര്‍ എംപാനല്‍ ചെയ്തത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *