കല്‍പ്പറ്റ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ മകന്‍ രാഹുല്‍ ഗാന്ധിയും വയനാട്ടില്‍. പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ തുടരുന്നതിനിടെയാണ് ജില്ലയില്‍ ഇരുവരും സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയത്. രാവിലെ 10 ഓടെ ഇരുവരും ഹെലികോപ്റ്ററിലാണ് പടിഞ്ഞാത്തറ സ്‌കൂള്‍ ഗ്രൗണില്‍ ഇറങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഒപ്പമുണ്ടായിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രിയങ്ക ഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, ടി.സിദ്ദിഖ് എംഎല്‍എ, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, പൂഴിത്തോട് റോഡ് കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ഷണ്‍മുഖന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരിച്ചു.
സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു ഒരേ കാറില്‍ സോണിയയും രാഹുലും പ്രിയങ്കയും ഹോട്ടല്‍ താജിലേക്ക് പോയി. കുറച്ചുദിവസം സോണിയയും രാഹുലും വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം. വിശ്രമത്തിനു വന്ന സോണിയ ഗാന്ധി ജില്ലയില്‍ പൊതു, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ സന്ദര്‍ശനം പൂത്തിയാക്കി 22ന് ഡല്‍ഹിയിലേക്ക് മടങ്ങും. രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് ഡിസിസി ഓഫീസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ കാണും എന്നു.