ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാന വിജ്ഞാപനമായി

തിരുവനന്തപുരം:  ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ – സംസ്ഥാനത്ത് വിജ്ഞാപനമായി.സെപ്റ്റംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.

 

വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്‌സ് ഇൻവോയ്‌സുകൾ സെപ്റ്റംബർ 22 മുതൽ നല്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വരുത്തേണ്ടതും, നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ സെപ്റ്റംബർ 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആയതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും, സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇന്പുട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപരികൾ സ്വീകരിക്കണം.

 

സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.

 

ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാണേണ്ടതാണ്.

 

നികുതിനിരക്ക് മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാപാരികൾ / സേവനദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നികുതി കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുവാനുള്ള നടപടികൾ വ്യാപാരിസമൂഹം കൈക്കൊള്ളണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *