ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കില്‍ പാകിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘ പറഞ്ഞു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലെത്തി.
ഗ്രൂപ്പ് മത്സരത്തിലേതുപോലെ ടോസിനുശേഷം പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയുമായി ഹസ്തദാനത്തിന് ഇത്തവണയും ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയാറായില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാനും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഖുഷ്ദില്‍ ഷാക്കും ഹസന്‍ നവാസിനും പകരം ഹുസൈന്‍ തലാത്തും ഫഹീം അഷ്റഫും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും കളിച്ച അതേ പിച്ചില്‍ തന്നെയാണ് ഇന്നത്തെ മത്സരവും. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഫിനിഷറുടെ റോളിലേക്ക് മടങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും പിന്നാലെ തിലക് വര്‍മയും എത്തും. അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിനിറങ്ങുക. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും അക്സര്‍ പട്ടേലും എത്തും.