മലപ്പുറം : കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിലെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു.മലപ്പുറം മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്നും വലിയ തോതിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കൺസ്യൂമർഫെഡ് ലിക്കർ ഷോപ്പ് വഴി ചില കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കുന്നതിന് ഉദ്യോഗസ്ഥർ പ്രോത്സാഹിപ്പിക്കുന്നതിനായും, ആയതിന് മദ്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്നും കൈക്കൂലി സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. കൂടാതെ ഒരാൾക്ക് 3 ലിറ്റർ മദ്യം മാത്രമേ കൊടുക്കാൻ പാടുള്ളു എന്നിരിക്കെ കൂടുതൽ തുക വാങ്ങി അനുവദനീയമായതിൽ കൂടതൻ മദ്യം അനുവദിക്കുന്നതായും ആരോപണമുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പണം ഷോറും അടച്ച് പോകുന്ന സമയം ഉദ്യോഗസ്ഥർ വീതിച്ചെടുക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഇന്നലെ (20.09.2025) മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പനശാലയിൽ ഒരു മിന്നൽ പരിശോധന നടത്തി. രാത്രി 08.30 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന 11.45 മണിക്ക് അവസാനിച്ചു. മിന്നൽ പരിശോധനയിൽ മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യ വില്പനശാലയിലെ ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430/- രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.