രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു; ഇനി വിലകുറയുന്നതും വില കൂടുന്നതും ഇവയ്ക്കാണ്

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു. മുമ്പ് നാല് സ്ലാബുകളായിരുന്നു ജിഎസ്ടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നു മുതൽ രണ്ട് സ്ലാബുകൾ മാത്രമാണുള്ളത്. ഇതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുറയും. ജിഎസ്ടി പരിഷ്കരണത്തിന്റെ ഫലമായി 413 ഉത്‌പന്നങ്ങളുടെ വിലയാണ് കുറയുന്നത്. ഇതിലൂടെ ഖജനാവിന് 48,000 കോടിയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ. അതേസമയം, ജനങ്ങൾക്ക് വലിയ ​ഗുണമാണ് പുതിയ ജിഎസ്ടി ഘടനയിലൂടെയുണ്ടാകുക.

 

രാജ്യത്ത് ജിഎസ്ടിയിൽ നിലവിലുണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം സ്ലാബുകളാണ് ഒഴിവാക്കിയത്. ഇന്നുമുതൽ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ഘടന. ഇതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.

 

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്‌, ആരോഗ്യ ഇൻഷുറൻസ്‌, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

മാപ്പ്‌, ചാർട്ട്‌, ഗ്ലോബ്‌, പെൻസിൽ, ഷാർപ്പർ, നോട്ടുബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ്‌ ഇൻഷുറൻസ്‌ എന്നിവയെ ജിഎസ്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഫീഡിങ്‌ ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽയന്ത്രവും ഭാഗങ്ങളും, വസ്‌ത്രങ്ങൾ,(2500 രൂപയിൽ താഴെ), ജൈവകീടനാശിനികൾ എന്നിവക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടി. എസി, എൽഇഡി, എൽസിഡി ടിവികൾ(32ഇഞ്ചിന്‌ മുകളിൽ), മോണിറ്റർ, ഡിഷ്‌ വാഷർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, ഡീസൽ കാറുകൾ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ (350സിസിക്ക്‌ താഴെ) എന്നിവയുടെ ജിഎസ്ടി 18 ശതമാനമാണ്. പുകയില, പാൻമസാല, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ എന്നിവക്ക് വില കൂടും. 40 ശതമാനം എന്ന സ്ലാബിലാണ് ഇവയുടെ ജിഎസ്ടി ഈടാക്കുക.

 

ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സർവതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നുമാണ് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യയുടെ വളർച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ തിങ്കളാഴ്ച നിലവിൽവരാനിരിക്കേ ഞായറാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

 

നവരാത്രിയുടെ ആദ്യദിനത്തിൽ ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിൽ രാജ്യം വലിയ കാൽവെപ്പ്‌ നടത്തുകയാണ്. ജിഎസ്ടി ബചത് ഉത്സവ് (ജിഎസ്ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. -പ്രധാനമന്ത്രി പറഞ്ഞു. നാഗരിക് ദേവോ ഭവ (പൗരൻമാർ ദൈവത്തിന് സമാനം) എന്ന കാഴ്ചപ്പാടാണ് സർക്കാരിനെന്നും ഇന്ത്യയിൽ നിർമ്മിച്ച ഉത്‌പന്നങ്ങളേ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുകയുള്ളു എന്ന് പറയുന്ന ചിന്താഗതി ഓരോ പൗരനും ഉണ്ടാകണമെന്നും മോദി പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *