തിരുവനന്തപുരം: ഗായത്രിവധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് ആറാം തീയതിയാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കാട്ടാക്കട സ്വദേശിയായ ഗായത്രി(24)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ കൊലപാതകിയെന്ന് കണ്ടെത്തിയത്.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണും ഗായത്രിയും തിരുവനന്തപുരത്തെ ഒരു സ്വര്‍ണക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവീണ്‍ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോള്‍ ജീവനക്കാരെ വാഹനത്തില്‍ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു.
പ്രവീണിന്റെയും ഗായത്രിയുടെയും പരിചയം പ്രണയമായി വളര്‍ന്നു. ഇക്കാര്യം പ്രവീണിന്റെ ഭാര്യ അറിഞ്ഞതോടെ സ്വര്‍ണക്കടയുടെ അധികൃതരെ ഇത് അറിയിച്ചു. ഇവരുടെ ബന്ധം കുടുംബപ്രശ്‌നമായി മാറിയതോടെ പ്രവീണിനെ തമിഴ്‌നാട്ടിലെ ബ്രാഞ്ചിലേക്ക് മാറ്റി. അവിടേക്ക് ജോലിക്ക് പോകുന്നതിന് മുന്‍പ് പ്രവീണ്‍ ഗായത്രിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയും ലോഡ്ജില്‍ മുറിയെടുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഗായത്രിയുടെ മരണം ആത്മഹത്യയാണെന്ന് കരുതിക്കോളുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പിടിയിലാവുകയായിരുന്നു