ബത്തേരി : പരിസ്‌ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈകവരിച്ച സ്‌ഥാപനങ്ങൾക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം സ്വന്തമാക്കി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രി. 100-250 കിടക്കകളുള്ള സർക്കാർ ആശുപത്രികളുടെ വിഭാഗത്തിലാണ് തൃശൂർ ജനറൽ ആശുപത്രിയുമായി ബത്തേരി താലൂക്ക് ആശുപത്രി ഒന്നാം സ്ഥാനം പങ്കിട്ടത്.
ആശുപത്രിയിൽ പ്രത്യേക പ്രാധാന്യത്തോടെ സ്വീകരിച്ച പരിസ്ഥിതി സൗഹൃദ നടപടികളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനം, ബയോഗ്യാസ് പ്ലാന്റ്, സൗര സോളാർ പ്ലാന്റ് എന്നിവ കുറ്റമറ്റ രീതിയിൽ പ്രവര്‍ത്തിക്കുന്നു. സ്ഥാപനത്തിന്റെ പൊതുശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം, പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും ഹരിതകർമസേന മുഖാന്തിരം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ സംസ്കാരണം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്താനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കായകല്‍പ്പ അവാർഡിൽ 91 ശതമാനം മാര്‍ക്ക് നേടി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി രണ്ടാം സ്ഥാനം നേടിയിരുന്നു.