ബത്തേരി : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തി നിലവിലുള്ള യൂണിറ്റുകളുടെ സാങ്കേതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, സാങ്കേതികവിദ്യ നവീകരിക്കുന്നതിനും സംരംഭകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ റൈസിങ് ആൻഡ് അക്‌സെലിറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് – റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചത്. സംരംഭകർക്കായി ഭക്ഷ്യ സംസ്കരണം, പാക്കേജിങ്, ഭക്ഷ്യസംസ്കരണ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ, സ്‌പൈസസ് പ്രോസസ്സിംഗ്, പാക്കേജിങ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. എ ജിഷ അധ്യക്ഷത വഹിച്ചു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എസ് കലാവതി, ലീഡ് ബാങ്ക് മാനേജർ ടി. എം മുരളീധരൻ, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു , ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.