ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി ഇക്കാര്യം സ്ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭിക്കുമെന്നും എ റോബർട്ട് ജെ രവി പറഞ്ഞു. സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് ജെ രവി വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ദില്ലിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.