ഏഷ്യാകപ്പ് ഗ്രാൻഡ് ഫൈനൽ; ഇന്ത്യ-പാക് കിരീടപ്പോരാട്ടം ഇന്ന്

ദുബായ്:ഏഷ്യാകപ്പ് ട്വന്റി-20 ഗ്രാൻഡ് ഫൈനൽ ഇന്ന് .ഫൈനലിൽ ചിരവൈരികൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്‌താൻ ഫൈനൽപ്പോരാട്ടം. കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാൽ ഇരുടീമുകളും കൈമെയ് മറന്ന് പോരാടുമെന്നുറപ്പ്.

 

ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്‌താനുമേൽ വ്യക്തമായ മേധാവിത്വമുണ്ട് ഇന്ത്യക്ക്. അത് തുടരാമെന്നാണ് സൂര്യകുമാർ യാദവും മോഹിക്കുന്നത്. ശ്രീലങ്കയ്ക്കെതിരേ സൂപ്പർ ഓവറിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കഴിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത്. ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവർ ഒറ്റയ്ക്ക് മത്സരം ജയിക്കാൻ കഴിയുന്ന ബാറ്റർമാരാണ്.

 

ബൗളിങ്ങിൽ ജസ്പ്രീത്‌ ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി. എന്നാൽ, നിർണായക മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന ശീലം ബുംറയ്ക്കുണ്ട്. വരുൺ ചക്രവർത്തി-കുൽദീപ് യാദവ്-അക്സർ പട്ടേൽ സ്‌പിൻ ത്രയം ടൂർണമെന്റിൽ മുൻപുനടന്ന രണ്ടുകളിയിലും പാകിസ്‌താനെതിരേ തിളങ്ങിയിരുന്നു. ഇന്ത്യൻ ടീമിന്റെ ജയത്തിൽ വലിയപങ്കും വഹിച്ചു.

ഹാർദിക്കിനും അഭിഷേകിനും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെങ്കിലും ഇരുവരും കളിക്കുമെന്ന് ഇന്ത്യൻ ടീം സഹപരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

 

ഗ്രൂപ്പ് ഘട്ടത്തിൽ ഏഴു വിക്കറ്റിനും സൂപ്പർ ഫോറിൽ ആറുവിക്കറ്റിനുമാണ് പാകിസ്താൻ ഇന്ത്യയോട് തോറ്റത്. ബൗളിങ്ങിൽ മെച്ചപ്പെട്ടെങ്കിലും ബാറ്റിങ്ങിൽ സ്ഥിരതപുലർത്താൻ പാക് ടീമിനായിട്ടില്ല. ഓപ്പണർമാരായ സാഹിബ്‌സദ ഫർഹാൻ, ഫഖർ സമാൻ, ഹസൻ തലത്, മുഹമ്മദ് ഹാരിസ്, ക്യാപ്റ്റൻ സൽമാൻ ആഗ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. ഷഹീൻ ഷാ അഫ്രീദി, ഹാരീസ് റൗഫ്, ഫാഹീം അഷ്റഫ് എന്നിവർ അണിനിരക്കുന്ന പേസ് വിഭാഗം മികച്ചതാണ്. അബ്റർ അഹമ്മദെന്ന സ്‌പിന്നറും നന്നായി പന്തെറിയുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *