കൊച്ചി: ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘം. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു.സിനിമാതാരങ്ങൾ അടക്കമുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.
കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളും ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തെന്ന പേരില്‍ കടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ കേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ,വണ്ടികള്‍ ആറുമാസം കഴിഞ്ഞിട്ടും സ്വന്തം പേരിലേക്ക് മാറ്റാത്തവരെയും കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് കഴിഞ്ഞ ചൊവ്വാഴ്ച ഓപ്പറേഷൻ നുംഖൂറെന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖർ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുൽഖറിന്റെ രണ്ട് വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു. ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കഴിഞ്ഞദിവസം കസ്റ്റംസ് പിടിച്ചെടുത്തു. നിസാൻ പട്രോൾ വൈ60 കാർ ആണ് പിടിച്ചെടുത്തത്. ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വാഹനത്തിന്‍റെ ഫസ്റ്റ് ഓണറായി കാണിച്ചിരിക്കുന്നത് ഇന്ത്യൻ ആർമി എന്നാണ്. കൂടുതല്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും മറ്റു നടപടികളെന്ന് കസ്റ്റംസ് വ്യക്തമാക്കി. വെണ്ണലയിലെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്തതിനെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ നൽകിയ ഹരജിയിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിന്റെ ആവശ്യം. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും തനിക്ക് വണ്ടി വിട്ടുകിട്ടണമെന്നും നടൻ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റംസ് രേഖകൾ പരിശോധിച്ചില്ലെന്നും മുൻവിധിയോടെ പെരുമാറിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകൾ പ്രകാരമാണ് രജിസ്റ്റർ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.