പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ

കുറുവ ദ്വീപ്  :വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

 

2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര്‍ ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. പിന്നീട് സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികൾക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതി‌ര്‍ന്നവ൪ക്ക് 220 രൂപയും, വിദ്യാര്‍ത്ഥികൾക്ക് 100 രൂപയും, വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

 

ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല. സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *