ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിന്ന് ജില്ലയിൽ തുടക്കമായി

കൽപറ്റ:  ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം ക്യാമ്പയിന് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സൈക്കിൾ റാലിയോടെ തുടക്കമായി. ഹൃദയ സ്തംഭനം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കാനായി പൊതുജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതാണ് ഹൃദയപൂര്‍വം പദ്ധതി.

 

ഹൃദയസ്തംഭനം ഉണ്ടായ ഒരാള്‍ക്ക് പ്രഥമ ശുശ്രൂഷ, പെട്ടെന്ന് തന്നെ നല്‍കുന്ന ഒരു മാര്‍ഗമാണ് സിപിആര്‍. ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനും രോഗനിവാരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ പ്രഥമ ശുശ്രൂഷയെ കുറിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കാനാണ് ശ്രമം.

 

കുഴഞ്ഞ് വീണ് ഉണ്ടാകുന്ന മരണങ്ങളില്‍, ചിലര്‍ക്കെങ്കിലും കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ കിട്ടിയിരുന്നെങ്കില്‍ അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സാധിക്കുമായിരുന്നു. മതിയായ പരിശീലനം ലഭിച്ച ആരും സമീപത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. അത്തരം ഒരു ദുരവസ്ഥ ഇനിയുണ്ടാകാന്‍ പാടില്ലെന്നത് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

 

ജില്ലയിലെ സിപിആർ പരിശീലന പരിപാടി ജില്ല കലക്ടർ ഡി ആര്‍ മേഘശ്രീ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അധ്യക്ഷത വഹിച്ചു . ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ. ദീപ കെ ആർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. രാജേഷ് കുമാർ എം പി, സെക്രട്ടറി ഡോ. സ്മിത വിജയ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. സുഷമ പി എസ്, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ, വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജൽ എന്നിവർ സംസാരിച്ചു.

 

വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന സൈക്കിൾ റാലി ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ. ദീപ. കെ ആർ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾ റാലി കൽപറ്റ, ചുണ്ടേൽ, മേപ്പാടി വഴി 30 കിലോമീറ്ററുകൾ സഞ്ചരിച്ച് കൽപറ്റ സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. ഹൃദയപൂർവ്വം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ 11 സ്ഥലങ്ങളിൽ സിപിആർ പരിശീലന പരിപാടികൾ നടത്തി. സിവിൽ സ്റ്റേഷൻ പഴശ്ശി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ഉദ്യോഗസ്ഥരും കടുംബശ്രീ പ്രവർത്തകരും വയനാട് ബൈക്കേഴ്‌സ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. മാനന്തവാടി ജില്ലാ ആശുപത്രി, കല്പറ്റ ജനറൽ ആശുപത്രി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും, കൽപറ്റ ഡീ പോൾ സ്‌കൂൾ, പൂക്കോട് ജവഹർ നവോദയ സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലും, കേരള വെറ്റിനറി & അനിമൽ സയൻസ് കോളജിലും സിപിആർ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. 1200 ഓളം പേർക്ക് ജില്ലയിൽ ലോക ഹൃദയ ദിനത്തിൽ സിപിആർ പരിശീലനം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *