ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാകിസ്താന്‍ അര്‍ധസൈനിക വിഭാഗമായ എഫ്സി (ഫ്രോണ്ടിയര്‍ കോര്‍പ്‌സ്) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ഭയവും പരത്തി. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ റോഡില്‍ ശക്തമായ സ്‌ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.