ഇന്ന് ഗാന്ധിജയന്തി. രാജ്ഘട്ടിലെ ഗാന്ധി സമാധിസ്ഥലത്ത് പുഷ്പാർച്ചന, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും. ഗാന്ധിജയന്തി ദിനം അന്താരാഷ്ട്രതലത്തിൽ അഹിംസാ ദിനമായും ആചരിച്ചുവരുന്നു. 2007 ജൂണിലാണ്, മഹാത്മാഗാന്ധിയുടെ ജന്മവാർഷികദിനത്തെ, അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. അഹിംസയെ ഒരു സാർവത്രിക തത്വമായി അംഗീകരിച്ച യു എൻ ,ആഗോള സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വനം ചെയ്യുന്നു. അന്താരാഷ്ട്ര അഹിംസാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം കമ്മീഷൻ ഇന്ന് ന്യൂയോർക്കിൽ സംഘടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രപിതാവിന്റെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി സമർപ്പിക്കാനുള്ള അവസരമാണിതെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. സമാധാനം, സഹിഷ്ണുത, സത്യം എന്നീ സന്ദേശങ്ങളാണ് മഹാത്മാഗാന്ധി നൽകിയത്, അത് മനുഷ്യരാശിക്ക് മുഴുവൻ പ്രചോദനമാണെന്നും സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരാനും, രാജ്യത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രതിജ്ഞാബദ്ധരായിരിക്കാനും രാഷ്ട്രപതി മുർമു പൗരന്മാരോട് അഭ്യർത്ഥിച്ചു.