അതിരപ്പിള്ളി: തൃശൂർ അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാഹനത്തിന്‍റെ എഞ്ചിൻ തകരാറായതിനെത്തുടർന്ന് നിർത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. ആക്രമണത്തിൽ ആളപായമില്ല. വാഹനത്തിന്റെ തകരാർ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്. അങ്കമാലി സ്വദേശികൾ ഇന്നലെ രാത്രിയിൽ അതിരപ്പള്ളിയിൽ നിന്ന് മലക്കപ്പാറക്ക് പോവുകയായിരുന്നു.
ഈ സമയത്ത് വാഹനം തകരാറിലായി. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയ യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. വാഹനം ശരിയാക്കുന്നതിനായി അതിരപ്പിള്ളിയിൽ നിന്ന് മെക്കാനിക്കുമായി വന്നപ്പോഴാണ് വാഹനം തകർന്ന നിലയിൽ കാണുന്നത്. കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് എൻജിൻ തകരാറിലായ ഒരു വാൻ കാട്ടാന തകർത്തിരുന്നു. വാഹനത്തിൽ ആളില്ലാഞ്ഞതിനാൽ അന്നും കൂടുതൽ അപകടമുണ്ടായില്ല.