മുംബൈ :സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേല്‍ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിര്‍ത്തലാക്കി. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ.
സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85% നിരക്കില്‍ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കാം. 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരിധി 80% ആയി നിശ്ചയിച്ചിട്ടുണ്ട്, അതേസമയം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 75% ആയി പരിമിതപ്പെടുത്തി. ഈ മാറ്റങ്ങള്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ(കോയിന്‍, ഇടിഎഫ് ) ഒക്ടോബര്‍ ഒന്നുമുതല്‍ വായ്പ നല്‍കില്ല. അതേസമയം, സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.