മുള്ളൻകൊല്ലി : പെരിക്കല്ലൂരിലെ കാനാട്ട് മലയിൽ തങ്കച്ചന്റെ വീട്ടിൽ കർണാടക മദ്യവും തോട്ടയും കൊണ്ടുവെച്ച കേസിൽ പ്രതിയായ മരക്കടവ് സ്വദേശിയായ അനീഷ് മാമ്പള്ളിയെ പോലീസ്പിടികൂടി. കുടക് കുശാൽ നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കാനാട്ട് മല തങ്കച്ചൻ കേസിൽ ഉൾപ്പെട്ട് 17 ദിവസം ജയിലിൽ കിടന്നിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ പ്രതിയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കർണാടകയിൽ ഉണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണസംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ബാംഗ്ലൂരിൽ പോലീസ് സംഘം എത്തിയപ്പോൾ കുശാൽനഗറിലേക്ക് ഇയാൾ കടക്കുകയായിരുന്നു. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന ഇയാളെ കഴിഞ്ഞദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു