ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. ദുരിതബാധിത പ്രദേശത്തെ മിക്കയാളുകൾക്കും അവരുടെ വീടുകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെട്ടതാണ്. കർഷകർ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, മറ്റ് സേവനദാതാക്കൾ എന്നിവരുടെ ആസ്തിവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായും നശിക്കുകയോ ചെയ്തിട്ടുണ്ട്. കൃഷിഭൂമിയുടെ വലിയൊരു ഭാഗവും കൃഷിയോഗ്യമല്ലാതായി. വലിയ പ്രതീക്ഷകളോടെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷി ചെയ്യുന്നവരെ ഇത് വലിയ കടക്കാരാക്കി മാറ്റിയതായി പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 

2005 ലെ NDMA നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് അവർക്ക് നൽകിയ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് നിർദ്ദേശിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2025 മാർച്ചിൽ ദുരന്ത നിവാരണ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ നിയമഭേദഗതിയിൽ ഈ നടപടി സാധ്യമാക്കുന്ന വകുപ്പ് നീക്കം ചെയ്തു. ഭേദഗതി ദുരന്തബാധിതരുടെ വേദനയെയും കഷ്ടപ്പാടിനെയും പരിഹസിക്കുന്നതിനോടൊപ്പം അവരുടെ ആത്മവിശ്വാസത്തെ തളർത്തുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി.

 

2025 ജൂൺ 13-ന് കേരള ഹൈക്കോടതി, സെക്ഷൻ 13 റദ്ദാക്കിയതുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 73 പ്രകാരമുള്ള ശേഷിക്കുന്ന അധികാരം യൂണിയൻ എക്സിക്യൂട്ടീവിന് ഇല്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് നിരീക്ഷിക്കുകയുണ്ടായി. അതിനാൽ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് തുടരാവുന്നതാണ് എന്ന് പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വായ്പ എഴുതിത്തള്ളൽ വിഷയത്തിൽ ഏത് മന്ത്രാലയത്തിന് തീരുമാനമെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സെപ്തംബർ 10 ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അടുത്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം നൽകിയ രേഖകൾ പ്രകാരം, ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളും അതിജീവിച്ചവർക്കും 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 30.78 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കേരള ബാങ്ക് അവരുടെ കുടിശ്ശികയായ 4.98 കോടി രൂപയുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളിയതായും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

 

നിയമാനുസൃതവും ന്യായയുക്തവുമായ ദുരന്തബാധിതരുടെ ആവശ്യം മാനുഷിക പരിഗണനയോടെ കാണണമെന്നും വായ്‌പകൾ എഴുതിത്തള്ളാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി തന്നെ നേതൃത്വം നല്കണമെന്നുമുള്ള അഭ്യർത്ഥനയോടെയാണ് പ്രിയങ്ക ഗാന്ധി എം.പി. കത്ത് അവസാനിപ്പിക്കുന്നത്.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *