ചെന്നൈ: ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നെയില്‍ എത്തയത്. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്. പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.